2016, നവംബർ 10, വ്യാഴാഴ്‌ച

പാമ്പ് ചരിതം- നീർക്കോലി

"അയ്യോ... ചേട്ടായീ ഓടിവായോ...!!! പാമ്പേ... പാമ്പേ..."

പാമ്പേ പാമ്പേ എന്ന് കേൾക്കുമ്പോൾ ഓടിച്ചെന്ന് പിടിക്കാൻ അടുത്തെങ്ങും വാവസുരേഷ് ഇല്ലാത്തതുകൊണ്ടും, നിലവിളിച്ചത് സ്വന്തം കെട്ടിയോൾ ആയതുകൊണ്ടും ഒളിമ്പിക്സിന് ഉത്തേജകമരുന്ന് അടിച്ചിട്ട് ഓടാൻ പോയ ട്യൂക്കിനോവിനെ പോലെ നൂറേ നൂറ്റിപത്തിൽ നിലവിളികേട്ട സ്ഥലത്തേക്ക്  ഞാൻ ഓടിചെന്നു.
പാവം പെങ്കൊച്ച്, ആടിന് കൊടുക്കാൻ ഇത്തിരി പുല്ലുപറിക്കട്ടെ എന്നും പറഞ്ഞ് വയലിലേക്ക് ഇറങ്ങിയതാണ്.
ഹെയ്തിയില്‍ ആഞ്ഞടിച്ച മാത്യൂ ഹുരിക്കെന്‍ ചുഴലിക്കാറ്റിനേക്കാൾ വേഗതയിൽ ഓടിയതുകൊണ്ടായിരിക്കാം, ഓട്ടത്തിനിടയിൽ കാലിൽ കിടന്ന വള്ളി ചെരുപ്പ് വാറുപൊട്ടി ആകാശം വഴി പറമ്പിലേക്കെങ്ങാണ്ടും പറന്നു പോയിരുന്നു..

പറിച്ചെടുത്ത പുല്ല് വാളുപോലെ പിടിച്ചു വെളിച്ചപ്പാടിനെപ്പോലെ നിന്ന് വിറയ്ക്കുന്ന അവളെയും, 'വിരിച്ചുനിന്ന് ആടാൻ ഒരു ചെറിയ പത്തിപോലും' ഇല്ലല്ലോ എന്ന ധർമ്മസങ്കടം ഉള്ളിലൊതുക്കി വരമ്പത്തു തലപൊക്കി നിൽക്കുന്ന 'ക്രൂരനായ' നീർക്കോലിയെയും ഞാൻ മാറിമാറി നോക്കി..!

"ചേട്ടായീ അടുത്തേക്ക് പോകല്ലേ.. കടിക്കും.."

നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും എന്നാണ് പഴമക്കാര് പറയുന്നത്.. എന്നാൽ ഇന്നത്തെ അത്താഴം മുടങ്ങൽ എന്നെ സംബന്ധിച്ച് വല്ല്യ പ്രശ്നമുള്ള കാര്യമല്ല!! കാരണം, അത്താഴത്തിന് വെക്കാൻ ഒരുമണി അരിപോലും ഈ കുടുംബത്ത് ഇല്ലെന്ന് അമ്മ ചാച്ചായീനോട് പറയുന്നത് ഞാൻ കേട്ടതാണ്.

"ഇതിനെ കണ്ടിട്ടാണോ നീ നിലവിളിച്ചത്.??" പുകഞ്ഞുപൊന്തിയ ദേഷ്യം ഉള്ളിൽത്തന്നെ കുഴിച്ചിട്ട് ഞാൻ അവളോട് ചോദിച്ചു.

അവളപ്പോഴും തുറിച്ച കണ്ണുമായി പാമ്പിനെ മിഴിച്ചുനോക്കി നിൽക്കുകയായിരുന്നു.. ആകപ്പാടെ ധർമ്മസങ്കടത്തിൽ അകപ്പെട്ട പാമ്പ് അവളുടെ നോട്ടത്തിനു മുന്നിൽ പിടിച്ചുനിക്കാൻ കഴിയാതെ കൈത്തോട്ടിൽ ചാടി എങ്ങോട്ടോ പോയി.
എന്താ ല്ലേ..!!! കയ്യും കാലുമൊന്നും ഇല്ലാത്ത ഏതൊരു ഇഴജന്തുവിനെ കണ്ടാലും ചിലർക്കത് പാമ്പാണ്; പാവം മണ്ണിരപോലും!!