2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജോപ്പൻ

"ജോപ്പൻ ചേട്ടായിന്റെ അമ്മച്ചിക്ക് ഞാനിപ്പോഴും
അയലത്തൂന്ന് പഞ്ചാരേം മണ്ണണ്ണയും വായിപ്പമേടിക്കാൻ വന്ന ആ പഴയ സിസിലി തന്നെയാ അല്ലേ ചേട്ടായി...??
ഇത്രവർഷം കഴിഞ്ഞിട്ടും ചേട്ടായീന്റെ അമ്മച്ചിക്ക്  എന്നെ മരുമോളായി അംഗീകരിക്കാൻ കഴിഞ്ഞട്ടില്ലെന്ന് തോന്നുന്നു.."

രാവിലെ തന്നെ കട്ടൻ കാപ്പിക്കൊപ്പം അവളുടെ പതിവ് പരിഭവക്കെട്ടും ജോപ്പന്റെ മുന്നിൽ ചൂടോടെ വന്നു നിന്നു..

"എന്നതാടീ ഇന്നത്തെ പ്രശ്നം??" തെല്ല് ഈർഷ്യ മുഖത്തു പ്രകടമാക്കി അയാൾ ചോദിച്ചു.

"നിങ്ങടെ അമ്മയ്ക്ക് ഞാനെന്നാ ചെയ്താലും കുറ്റമാണല്ലോ..? എണീക്കാൻ താമസിച്ചേന്ന്  രാവിലെ മോന്ത കരിക്കലം പോലെ ആക്കി നടക്കുവാ.."
കാപ്പി കട്ടിലിന്റെ ക്രാസിയേൽ വച്ചിട്ട് അയയിൽകിടന്ന തോർത്തെടുത്ത്  അവൾ തന്റെ വട്ടമുഖം തുടച്ചു തേങ്ങി..

ഒരുദിവസംപോലും ഇവളുടെ ചിരിച്ച മോന്തകണ്ട് കിടക്കപ്പായേന്ന്  എണീക്കാൻ തനിക്ക് യോഗമില്ലല്ലോ കർത്താവേന്ന് മനസ്സിൽ പതംപറഞ്ഞ് ക്രാസിയേൽ വച്ച കാപ്പിയെടുത്ത് അയാൾ പതിയെ ഊതിക്കുടിച്ചു. ഇന്നത്തെ ദിവസം ഇവളുടെ ചൂട് ആറില്ലായിരിക്കും, പക്ഷേ കാപ്പിയുടെ ചൂട് ആറിപ്പോകുമെന്ന് അയാൾക്ക്‌ നിശ്ചയമുണ്ട്!.

അഞ്ചു വർഷം മുന്നേ ജൂൺ മാസത്തിലെ നല്ലമഴയുള്ള ദിവസമായിരുന്നു അയലോത്തെ അന്നാമ്മയുടെ നാലാമത്തെ പുത്രിയും ഭിത്തിയേൽ ചിത്രമായിപോയ കറിയാ ചേട്ടന്റെ പൊന്നാര മോളുമായ സിസിലി, പലരുടെയും എതിർപ്പുകളെ അതിജീവിച്ചു തന്റെ വീട്ടിലേക്ക് ഔദ്യോഗികമായി വലംകാൽ കുത്തി കേറിയതെന്ന് അയാൾ ചുമ്മാ ഓർത്തു.
അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ, ഇവൾ പോലും അറിയാതെ തന്റെ മനസ്സിൽ കൂടു കെട്ടി കേറ്റിഇരുത്തീതാ താനിവളെ.!
കട്ടിലേൽ ചമ്രം പടിഞ്ഞിരുന്ന് അവൾ ചുമ്മാ തേങ്ങുന്നത് ഒരു കൗതുകത്തോടെ അയാൾ നോക്കിയിരുന്നു..

"സിസിലി.." കാതരനായി അയാൾ വിളിച്ചു.
പതിയെ തലയുയർത്തി അവൾ അയാളെ നോക്കി. മനോഹരമായ ഉണ്ടക്കണ്ണുകൾ ചുമന്നിരിക്കുന്നു..

"എടീ കാപ്പി തീർന്നെടീ.."
ദേഷ്യത്തോടെ തലയിണയെടുത്ത് അവൾ അയാളുടെ മുതുകത്തടിച്ചു.
'പൊക്കോണം അവിടുന്ന്.." മനുഷ്യനിവിടെ തീതിന്നു നിക്കുമ്പളാ നിങ്ങടെ ഓഞ്ഞ തമാശ!!"
കാലിഗ്ലാസ്  ദേഷ്യത്തോടെ അയാളുടെ കയ്യിൽനിന്ന് പിടിച്ചുവാങ്ങി ചവിട്ടിക്കുലുക്കി അവൾ അടുക്കളയിലേക്ക് പോയി.

സിസിലിയിൽ ഉടലെടുത്ത കോപത്തിന്റെ ഫലമായി അടുക്കളയിൽ പാത്രങ്ങൾ തമ്മിൽത്തമ്മിൽ കൂട്ടിയിടിച്ചു കലഹം കൂട്ടി. അമ്മച്ചി പള്ളിയിൽ പോയിക്കാണുമെന്ന് അയാൾ ഊഹിച്ചു..
മുറ്റത്തെ കരിയിലക്കൂട്ടങ്ങളെ ചൂലുകൊണ്ട് വീശിയടിച്ചും പിറുപിറുത്തും അവൾ ദേഷ്യം ശമിപ്പിക്കാൻ പാടുപെടുന്നത് പല്ലുതേച്ചോണ്ട് അയാൾ നോക്കിനിന്നു.

പാവം പെണ്ണ്!!
എന്നാ ഒക്കെപറഞ്ഞാലും ഇടയ്ക്ക് ദേഷ്യപ്പെട്ടാലും അമ്മയ്ക്ക് അവളെ വല്ല്യകാര്യമാ.. അത് അവൾക്കും അറിയാം. എന്നാലും മോനെ വശീകരിച്ചവൾ എന്നൊക്കെ പറയുന്ന കേക്കുമ്പോ സ്വാഭാവികമായി വരുന്ന അരിശമാണ് എല്ലാത്തിനും കാരണം.

"ഓ പിന്നേ.. നിങ്ങടെ മോൻ എന്നെ കെട്ടീല്ലേൽ ചത്തുകളയുമെന്ന് പറഞ്ഞു വീട്ടിൽ വന്ന് എന്റെ അമ്മച്ചീടെ കാല് പിടിച്ചിട്ടല്ലേ... അല്ലേൽ കാണാരുന്നു, ഈ സിസിലിയിപ്പോ വേറെ വല്ല വീട്ടിലും പോയി ഒന്നുരണ്ട് കുഞ്ഞുങ്ങളേം നോക്കി സുഖമായി ജീവിക്കുന്നത്.. ഹും.."

കുഞ്ഞുങ്ങടെ കാര്യം എടുത്തിടുന്നതോടെ അമ്മയുടെ വീറും വാശിയും ശൂന്ന് പോകും..
അതുവരെ വിപ്ലവം മുഴക്കിനിന്ന അമ്മച്ചി ദയനീയതയോടെ തന്നെ നോക്കും..
മുറ്റത്തെ തെങ്ങേന്ന് വീണ്ടും നാലഞ്ച് മച്ചിങ്ങ ഒരുമിച്ചു താഴെവീഴുന്ന ഒച്ച താൻ മാത്രം കേൾക്കും..
പിന്നെ അത് നോക്കാൻ എന്ന ഭാവത്തിൽ പതിയെ മുറ്റത്തേക്ക് തടിതപ്പും.
പറഞ്ഞുപോയതിലെ അബദ്ധം മനസ്സിലാകുമ്പോ അവൾ പിന്നാലെ വരും.. ഇതുവരെ കായിച്ചുതുടങ്ങാത്ത തെങ്ങേൽ നോക്കിനിക്കുന്ന തന്നെ പിന്നിലൂടെവന്ന് അവൾ ഇറുക്കെ കെട്ടിപ്പിടിക്കും. മുത്തുപോലെ ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികൾ ഇപ്പൊ ചിതറിവീഴും എന്നഭാവത്തിൽ തുളുമ്പി നിക്കും..
പിന്നെ തനിക്കുമാത്രം കേൾക്കാൻകഴിയുന്നത്രയും ഒച്ചതാഴ്ത്തി ഒരു കാറ്റുമൂളും പോലെ വിതുമ്പിക്കൊണ്ട് പറയും; "സോറി ട്ടോ.."

ഇത്തിരി കഷ്ടപ്പെട്ടാണേലും മുഖത്ത് ചിരിവരുത്താൻ ശ്രമിച്ചു പരാജയപ്പെട്ട് താൻ തെങ്ങിന്റെ മോളിൽത്തന്നെ കണ്ണുറപ്പിച്ചു നിക്കും. ചിലനേരങ്ങളിൽ കണ്ണുകൾ അച്ചടക്കം മറന്ന് കണ്ണുനീർ പൊഴിക്കും..
അത് അവൾ അറിയാതിരിക്കാൻ കൈവിടുവിച്ചു് നേരെ പറമ്പിലേക്ക് ഇറങ്ങും..
കല്ല്യാണത്തിന് ശേഷം ഇതൊക്കെ വീട്ടിലെ പതിവുകളാണ്.

ഓർമ്മകളെ അതിന്റെ പാട്ടിനു വിട്ട് അയാൾ മുഖം കഴുകി.. കുലുക്കുഴിഞ്ഞു നീട്ടിത്തുപ്പി അയാൾ തെങ്ങിന്റെ മുകളിലേക്ക് നോക്കി..
"ഇത്തവണയെങ്കിലും ഇത് കായ്‌ച്ചാ മതിയാരുന്നു.. എന്തേരെ വളം ഇട്ടതാ.. കോപ്പ് .."

കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ അവൾ മുറ്റമടി തുടർന്നു.

 ഒരുകണക്കിന് നോക്കിയാ ആ തെങ്ങും താനും ഒരേ അവസ്ഥയിലാണല്ലോ എന്ന് അയാൾ ഓർത്തു.. പ്രതീക്ഷകളുടെ കടയ്ക്കൽ വച്ച കോടാലിപോലെ അങ്ങിനെ.. മുണ്ടിന്റെ തലപൊക്കി മുഖം തുടച്ചോണ്ട് അയാൾ അകത്തേക്ക് പോകുന്നത് അവൾ ഒളികണ്ണിട്ട് നോക്കി.

സിസിലിയുടെ മുറ്റമടി അതിരിലെ വേലിക്കൽ എത്തി അവസാനിച്ചു.
"അമ്മേ.. കാപ്പി ആയോ...?"

അടുക്കളയുടെ പുറത്തേക്ക് അവളുടെ അമ്മയുടെ മെല്ലിച്ചരൂപം ഇറങ്ങിവന്നു.
"ആയിവരുന്നെടീ.. എന്ത്യേ, ജോപ്പൻ എണീറ്റില്ലേ ഇതുവരെ..? കടതുറക്കാൻ പോണില്ലേ അവനിന്ന്..??"

"ഉണ്ടമ്മേ.. ഞാൻ കേറിച്ചെന്നിട്ടുവേണം ദോശയും ചമ്മന്തീം ഉണ്ടാക്കി എടുത്തുകൊടുക്കാൻ.."

"ങാ.. എങ്കിച്ചെന്ന് ഉണ്ടാക്കി എടുത്തുകൊടുക്ക്.. സമയം പോണു.."

"ശരിയമ്മേ.." ചൂലിന്റെ കട പ്ലാവേൽ കുത്തി നേരെയാക്കി അവൾ വീട്ടിലേക്ക് തിരിഞ്ഞു..

"എടീ പണിയൊക്കെ കഴിഞ്ഞു സമയം കിട്ട്വാണേൽ ഒന്നിവിടംവരെ ഇറങ്ങിവരണേ.."

"ഞാൻ വരാം. എന്നാ അമ്മെ കാര്യം...?"

"വരുമ്പോ പറയാം.."  അമ്മയുടെ തല അടുക്കളയിലേക്ക് പിൻവലിഞ്ഞു..

പാത്രങ്ങൾക്കൊണ്ട് ഒച്ചയുണ്ടാക്കി അടുക്കളയിലെ തന്റെ സാന്നിദ്ധ്യം അവൾ അയാളെ അറിയിച്ചു.. അയാളുടെ പാദചലനം അവളുടെ പിന്നിൽവന്ന് നിശ്ചലമായി.
അയാളുടെ ചൂടുള്ള നിശ്വാസം പിന്നിൽ ഇക്കിളിയായി അനുഭവപ്പെട്ടെങ്കിലും അറിയാത്തഭാവത്തിൽ അവൾ ദോശ ചുട്ടോണ്ടിരുന്നു..
പതിയെപ്പതിയെ ദോശക്കല്ലിൽ നിന്ന് പൊന്തുന്ന ചൂടുള്ള ആവിപോലെ അവളുടെ ദേഷ്യവും അലിഞ്ഞു പോകാൻ തുടങ്ങി.. അതുവരെ കനപ്പിച്ചു പിടിച്ച മുഖത്ത് ചെറിയചിരി മൊട്ടിട്ടു വന്നു..
ദോശ മറിച്ചിട്ടിട്ട് അവൾ അയാൾക്ക് അഭിമുഖമായി തിരിഞ്ഞുനിന്നു..

ആദ്യമായി കാണുന്നതുപോലെ അവർ തമ്മിൽ തമ്മിൽ നോക്കിനിന്നു.
അന്നൊരിക്കൽ പാലുമേടിക്കാൻ വന്ന സിസിലി അടുക്കളപ്പുറത്തുനിന്ന് അമ്മകൊടുത്ത ദോശ തിന്നോണ്ടിരുന്നപ്പോൾ ആയിരുന്നു ആദ്യമായി അയാൾക്ക് അവളോട് അനുരാഗം തോന്നിതുടങ്ങിയത്... അതിന്റെ പിറ്റേ രാത്രിയും അതിന്റെ പിറ്റേന്നുംകൂടി അവളെ സ്വപ്നം കാണുകയും കൂടി ചെയ്തപ്പോ പ്രണയം വല്ലാതെ പൂത്തുലഞ്ഞു..
പിന്നെ എത്രയെത്ര ദിവസങ്ങൾ അവളുടെ വരവും കാത്തു നേരത്തെ എണീറ്റ് പല്ലും തേച്ചു അടുക്കളയിൽ അമ്മയെ ചുറ്റിപറ്റി നിന്നിരിക്കുന്നു..!
വീട്ടിലെ പശു പാലുതരൽ നിർത്തുകയും അവളുടെ വരവ് വല്ലപ്പോഴും പഞ്ചാരയോ അരിയോ കടം മേടിക്കാൻ മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ പുതിയൊരു ഉപാധി അമ്മയുടെ മുന്നിൽ അവൻ അവതരിപ്പിച്ചു..
"അമ്മേ നമുക്ക് കറവയുള്ള ഒരുപശൂനെക്കൂടി മേടിക്കാം..?"

അമ്മ ശരിക്കിനും ഞെട്ടി!! "ങേ!!! നിനക്കെന്നാടാ ചെറുക്കാ ഭ്രാന്ത് പിടിച്ചോ..?"

അമ്മ അങ്ങിനെ ചോദിച്ചതിൽ വല്ല്യ അത്ഭുതമൊന്നും അയാൾക്ക്‌ തോന്നിയില്ല. കാരണം ഇതുവരെ ഒരുതരിപ്പുല്ല്  തന്റെ കൈകൊണ്ട് ആ പശൂന് കൊടുത്തിട്ടില്ലല്ലോ..!!

കല്ലേൽ കിടന്ന് പൊള്ളലേറ്റ ദോശ 'കരിഞ്ഞു' നിലവിളിച്ചതും, അമ്മച്ചി പള്ളീൽ കഴിഞ്ഞുവന്ന് അടുക്കളയിലേക്ക് എത്തിനോക്കി പോയതുമൊന്നും അവർ അറിഞ്ഞില്ല..

അകത്തെ മുറിയിൽ ചെന്ന് അമ്മച്ചി നീട്ടി ചുമച്ചു തന്റെ ആഗമനം അറിയിച്ചപ്പോഴാണ് രണ്ടാളും ഒറ്റഞെട്ടിനു രണ്ടായി പിരിഞ്ഞു രണ്ടുവഴിക്ക് പോയത്. കരിഞ്ഞ ദോശ അമ്മ അറിയാതിരിക്കാൻ ചൂടോടെ തന്നെ അവൾ അകത്താക്കി വീണ്ടും ദോശമാവ് കല്ലേൽ പരത്തിയിട്ട് ചമ്മന്തിക്കുള്ള പണിനോക്കി.

"എടീ.. അമ്മയ്ക്ക് കൊണ്ട് കൊടുക്കാൻ രണ്ടുമൂന്നു ദോശ മാറ്റിവച്ചേക്കണേ.."
പള്ളീൽ കഴിഞ്ഞുവന്നപ്പോ മേടിച്ച അയല നന്നാക്കാൻ അമ്മയും കുറിഞ്ഞിപൂച്ചയും കൂടി മുറ്റത്തേക്ക് പോയി, ജോപ്പൻ തന്റെ പലചരക്ക് കടയിലേക്ക് പോകാൻ ഒരുങ്ങി. ജോപ്പന് തിന്നാനുള്ള ദോശയും  ചമ്മന്തിയും എടുത്തു സിസിലി ഡൈനിംഗ് ഹാളിലേക്ക് നടന്നു.. പെട്ടന്ന് തലചുറ്റുന്നതുപോലെ ഒരു തോന്നൽ...
"അമ്മേ.."
ഭക്ഷണം മേശപ്പുറത്തുവച്ചിട്ട്  അവൾ കട്ടിളപ്പടിയിലേക്ക് ഊർന്നിരുന്നു.. വെട്ടിക്കൊണ്ടിരുന്ന മീനിന് കുറിഞ്ഞിയെ കാവലിരുത്തി അമ്മച്ചി ഓടിയെത്തി. പതിവ് നിസ്സംഗഭാവം വെടിഞ്ഞു ജോപ്പനും പറന്നെത്തി..

സിസിലിയുടെ കണ്ണുകളിൽ തളംകെട്ടിനിൽക്കുന്ന ക്ഷീണത്തിൽ നിന്ന് ചിലകാര്യങ്ങൾ അവർ വായിച്ചെടുത്തു.. താനൊരു മുത്തശ്ശിയാകാൻ പോകുന്നു..!!
മനംമറിച്ചുകൊണ്ട്  കരിഞ്ഞ ദോശ അവളുടെ വയറ്റിൽനിന്നും പുറത്തുചാടി.
ജോപ്പൻ അന്തംവിട്ട് അമ്മച്ചിയേയും സിസിലിയേയും മാറിമാറി നോക്കി..
അമ്മച്ചി കുടിക്കാൻ കൊടുത്ത ചൂടുവെള്ളം ഒറ്റവലിക്ക് അവൾ കുടിച്ചുതീർത്തു..

"എടാ നീയിന്ന് കടേൽ പോകാൻ നിക്കാതെ ഇവളെയൊന്ന് ആശൂത്രീൽ കാണിച്ചേച്ചും വാ..
ആ അംബികാ ഡോക്ടറെ കാണിച്ചാ മതി ട്ടോ..."

അംബികാ ഡോക്ടർ ഗൈനക്കോളജി ആണല്ലോ എന്നോർത്തതും ജോപ്പന്റെ മനസ്സിലൂടെ മിന്നാമിനുങ്ങുകൾ തേരാപാരാ വെട്ടംതെളിച്ചു പറന്നു.. സിസിലിയുടെ മുഖത്തുവിരിഞ്ഞ നാണപ്പൂവുകളിൽ ചിലത് ജോപ്പൻ തന്റെ മുഖത്തു തേച്ചു നാണിച്ചുനിന്നു..

"ഹോ അവന്റൊരു നാണം.. വേഗം രണ്ടാളും പോകാൻ നോക്ക്.."
വിശ്വാസവഞ്ചന കാണിച്ച കുറിഞ്ഞിപ്പൂച്ചയുടെ മുതുകിൽ നല്ല അടി വീഴുന്ന ഒച്ച അകത്തെ മുറിയിൽ വരെ പ്രകമ്പനം കൊണ്ടു.

സിസിലിയെ ഡോക്ടറെ കാണിക്കാൻ അവളുടെ അമ്മച്ചിയേം കൂട്ടി ഇറങ്ങാൻ നേരം ജോപ്പൻ തെങ്ങിൻറെ മുകളിലേക്ക് അഭിമാനത്തോടെ തലയുയർത്തി നോക്കി.. ഇതുവരെ കായ്ക്കാത്ത തെങ്ങ് തന്റെ നീളൻ ഓലകൾ വീശി ജോപ്പനും സിസിലിക്കും ആശംസകൾ നേർന്നു..

2 അഭിപ്രായങ്ങൾ:

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.