2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഒരു ലോകാവസാനത്തിന്റെ ഓർമ്മയ്ക്ക്‌


ഈ കഥയുടെ കാലം പഴയതാണ്.. എങ്കിലും ഈ  കഥയുമായുള്ള എന്റെ ബന്ധത്തിന് ഇപ്പോഴും ഒരു ഉറക്കത്തിന്റെ അകലം മാത്രം. വർഷം രണ്ടായിരത്തിലേക്ക് കുതിക്കാൻ വെമ്പുന്ന കാലം.. അന്നൊരു  പകൽ ഞാനും  കുറിഞ്ഞിപൂച്ചയും അടുക്കള വശത്ത് അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു. കുറിഞ്ഞിപൂച്ച അമ്മ വെട്ടുന്ന മത്തിയുടെ തല തിന്നാനും ഞാൻ അമ്മ പറയുന്ന കഥ കേൾക്കാനും. മീൻ തല വെട്ടി കുറിഞ്ഞിക്ക് കൊടുത്തിട്ട് അമ്മ കഥയുടെ ബാക്കി ഭാഗംകൂടി  എന്നോട് പറഞ്ഞു;
"എന്തായാലും രണ്ടായിരാമാണ്ടിൽ ലോകം അവസാനിക്കും.. അന്ന് തീമഴ ആയിരിക്കും പെയ്യുക തീമഴ..  ഭൂമിയിൽ പിന്നെ യാതൊന്നും അവശേഷിക്കില്ല.. ഇനിയെങ്കിലും കുരുത്തക്കേട്‌ കാട്ടാതെ ദൈവ വിശ്വാസത്തിൽ ജീവിക്കാൻ നോക്ക്.. വെറുതെ കാളകളിച്ചു നടക്കാണ്ട്..
നീ ഇത്തിരി വെള്ളം ഇങ്ങോട്ട് ഒഴിച്ചേ...."  അമ്മ മീൻ വെട്ടലിലും കുറിഞ്ഞിപൂച്ച മീൻതല തീറ്റയിലും വ്യാപ്രിതയാകവേ പൊട്ടിയ നിക്കറിന്റെ ബട്ടന് പകരം കൈ ബട്ടണാക്കി ഞാൻ എഴുന്നേറ്റു.

ലോകം അവസാനിക്കാൻ പോകുന്ന ആ ദിവസം കണ്മുന്നിൽ സിനിമാ കളിച്ചു.. ഹോ. തീമഴ പെയ്യുമത്രേ..  അടുപ്പിലെ തീയും കനലും മാത്രം കണ്ടു ശീലിച്ച എനിക്കന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.. അന്നെന്നല്ല ; അതിനു ശേഷം ഒരിക്കലും.
അന്ന് യോനാ പ്രവാചകന്റെ കാലത്ത് സകല ജീവജാലങ്ങളെയും പ്രളയത്താൽ നശിപ്പിച്ച ദൈവം, ഇനി ഒരിക്കലും പ്രളയത്താൽ  തന്റെ ജനതയെ നശിപ്പിക്കില്ല എന്നൊരു വാക്ക് കൊടുത്തിരുന്നു പോലും.. (ബൈബിളിൽ ഒള്ളതാ..) അതിനു പകരം 'തീമഴ...' ഹോ.. നല്ല ഓഫർ തന്നെ..!! ഇനി  ഒരിക്കൽക്കൂടി പ്രളയം സംഭവിച്ചാൽ സകല അണ്ടനും അടകോടനും നീന്തൽ പഠിക്കുമെന്നും നീന്തി രക്ഷപെടുമെന്നും നല്ല ബോധമുള്ളത് കൊണ്ടാണോ എന്നറിയില്ല അന്ന് ദൈവം അങ്ങിനെ പറഞ്ഞതെന്ന് ഇപ്പോൾ ഒരു സംശയം ഇല്ലാതില്ല .

മലമുകലിൽ നിന്ന് നാറാണത്തേട്ടൻ ഉരുട്ടിവിട്ട കല്ലുകൾ പോലെ കലണ്ടറിലെ ദിവസങ്ങളും മാസങ്ങളും ശരവേഗത്തിൽ കടന്നുപോയി.. അസ്ഥിമരവിക്കുന്ന തണുപ്പും പേറി ഡിസംബർ കടന്നുവന്നു.. ഭയത്തിന്റെ നെരിപ്പോടുകൾ കൊണ്ടും അടുപ്പിൻ ചുവട്ടിലെ തീകൊണ്ടും ഞാൻ എന്റെ ശരീരത്തിന് ചൂടുനല്കി.. കുരിശുവരയുടെ കാഠിന്യം മൂലം നെറ്റിയിൽ കുരിശാകൃതിയിൽ കാന രൂപപ്പെട്ടു. പള്ളിയിലെ മയമില്ലാത്ത കയറ്റുപായയിൽ മുട്ടുകുത്തിക്കുത്തി ഇനി വേണമെങ്കിൽ മുട്ട് കുത്തിയും നടക്കാൻ കഴിയും എന്ന അവസ്ഥയായി..
എങ്ങിനെ തീമഴയിൽ നിന്ന് രക്ഷപെടാം എന്ന വിഷയത്തിൽ സ്വയം പ്രബന്ധങ്ങൾ അവതരിപ്പിച്ച് അവതരിപ്പിച്ച് വേണമെങ്കിൽ ഈ വിഷയത്തിൽ ഡോക്ടറേറ്റും കിട്ടും എന്നായി. 

ലോകാവസാനത്തിന് ഇനി ഏകദേശം ഒരാഴ്ച്ച മാത്രം.. അന്നൊരുദിവസം കടയിൽ പോയിവന്ന ചാച്ചൻ പശുവിനുള്ള പിണ്ണാക്കിനും ഞങ്ങൾക്കുള്ള റേഷനരിക്കും ഒപ്പം രണ്ടായിരത്തിലെ കലണ്ടറും മേടിച്ചുവന്നു. 'ശെടാ.. ഈ പുള്ളി ഇതൊന്നും ഇതുവരെ അറിഞ്ഞില്ലേ..' ഒരു ആത്മഗതം മനസ്സിൽ നിന്ന് ചുണ്ടുവരെ വന്ന് തിരിച്ചുപോയി.. ഭിത്തിയിൽ തൂങ്ങിയ പുതിയ കലണ്ടർ തീമഴയിൽ നിന്ന് കത്തുന്നത് മനസ്സിൽ വെറുതെ സങ്കല്പ്പിച്ചു നോക്കി.. ഈ കാശിന് അപ്പനൊരു നാല് പഴംപൊരി മേടിക്കാരുന്നില്ലേ..!! ങാ ചിലപ്പോ അപ്പനിതൊന്നും അറിഞ്ഞുകാണത്തില്ലെന്ന് തോന്നുന്നു.. പറഞ്ഞാലോ.. ഓ അല്ലെങ്കിൽ പറയണ്ട.. എന്റെ സമാധാനമോ പോയി.. ഇനിയുള്ള കുറച്ചുദിവസം അപ്പനെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ.. പാവം. സഹതാപത്തോടെ ഞാൻ ചാച്ചനെ നോക്കി.. ചാച്ചൻ ഇതൊന്നും അറിയാതെ അടുത്ത മുറുക്കലിനുള്ള വട്ടം കൂട്ടി.

നാളെയാണ് ആ ദിവസം.. വലുതാകണമെന്നും പെണ്ണുകെട്ടണമെന്നും ഉള്ള മോഹം ഇതാ ഇന്നത്തോടെ തീരാൻ പോകുന്നു.. മുറ്റത്തിറങ്ങി വെറുതെ മാനത്തേക്ക് നോക്കി.. നാല് കാക്കകൾ മാനത്തൂടെ ചറപറ പറന്നുപോയി എന്നല്ലാതെ പ്രത്യേകിച്ച് അവിടെ മാറ്റങ്ങൾ ഒന്നും കാണാനില്ല. പകൽ അതിന്റെ അന്നത്തെ പണിയും തീർത്ത് കടന്നുപോയി.. കൊടും തണുപ്പിന്റെ അവസാനരാത്രി.. ലാസ്റ്റ് സപ്പറും കഴിച്ച് നെറ്റിയിൽ അവസാനത്തെ കുരിശും വരച്ച് ഞാനും കിടക്കാൻ പോയി. ഭയവും തണുപ്പും തമ്മിൽതമ്മിൽ യുദ്ധം ചെയ്തു.. ഒടുവിൽ തണുപ്പ് ജയിക്കുകയും  ഞാൻ ഉറങ്ങുകയും ചെയ്തു. ഉറക്കത്തിൽ എപ്പോഴോ ലോകാവസാനം സ്വപ്നംകണ്ട്  ഞെട്ടിയുണർന്ന എനിക്ക് മുന്നിൽ സൂര്യൻ പുതിയ പകൽ കൊണ്ടുതന്നു.. സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്നെനിക്കു തോന്നി. കണ്ണും തിരുമ്മി അടുക്കളയിലേക്കു ചെന്നു. ഒന്നും അറിയാത്ത ഭാവത്തിൽ അമ്മ പുട്ട് കുത്തുന്നു..

"ഇതെന്നാ അമ്മച്ചീ ലോകം അവസാനിക്കാത്തേ..?" നിഷ്കളങ്ക ഭാവത്തിൽ ഞാൻ അമ്മയോട് ചോദിച്ചു.
"ഈ വർഷം എപ്പോഴെങ്കിലും അവസാനിക്കും.. ദിവസങ്ങൾ ഇനീം ഉണ്ടല്ലോ.."
പുട്ടിൽ നിന്ന് തേങ്ങാപീര അടിച്ചുമാറ്റിയ എന്റെ നേരെ പുട്ട് കുത്തുന്ന കോൽ ഉയർന്നുവന്നു.. "പോയി പല്ല് തേച്ചിട്ട് വാടാ.."

ദിവസങ്ങൾ പിന്നെയും കടന്നുപോവുകയും രണ്ടായിരത്തി ഒന്നിലെ കലണ്ടർ ഭിത്തിയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഇനി ലോകം അവസാനിക്കുകയോ തീമഴ പെയ്യുകയോ ചെയ്യട്ടെ; സാരമില്ല. ഭൂമിയെന്ന ഈ മഹാ ഉദ്യാനത്തിലെ സുന്ദരമായ പൂവുകൾ കണ്ടാസ്വദിച്ച്‌ ജീവിക്കുവാൻ കാലം ഇനിയെത്ര അനുവദിക്കുന്നുവോ അത്രയും കാലം ജീവിക്കുകതന്നെ.

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

തൊട്ടിലില്ലാത്തൊരു ബാല്യമാണ് വാർദ്ധക്യം..

തൊട്ടിലില്ലാത്തൊരു  ബാല്യമാണ് വാർദ്ധക്യം.
നിഷ്ക്കളങ്കം മോണകാട്ടി ചിരിക്കാം,
പയ്യെ പിച്ചവെക്കും പോലേ നടക്കാം..
പിന്നെ.. ഇരുള് കോറിയ ചുവരുകൾക്കുള്ളിൽ
ഒച്ചയില്ലാതൊന്നു തേങ്ങാം..

2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഉത്തരങ്ങൾ..

അവനവനേകുറിച്ച് അറിയാൻ, അവനവനിലേക്കുതന്നെ സ്വയം തിരിഞ്ഞ് നോക്കുമ്പോൾ കിട്ടുന്ന സത്യസന്ധമായ ഉത്തരത്തേക്കാൾ വലിയ ഉത്തരങ്ങൾ ഒരിക്കലും മറ്റുള്ളവരുടെ നാവിൻതുമ്പിൽ നിന്ന് കിട്ടില്ല.

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ക്രിസ്തു ഒരിക്കൽക്കൂടി വന്നാൽ..

പണ്ട് ജറുസലേം ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെയും പ്രാവ് വില്പ്പനക്കാരെയും 'കവർച്ചക്കാരെയും' ദൂരെ ഓടിച്ച് ദേവാലയ ശുദ്ധീകരണം നടത്തിയ ക്രിസ്തു ഒരിക്കൽക്കൂടി തുനിഞ്ഞിറങ്ങിയാൽ, പല ദേവാലയങ്ങളിലും പുരോഹിതന്മാർ ഇല്ലാത്ത അവസ്ഥ വന്നേനെ..