2013, ജൂൺ 10, തിങ്കളാഴ്‌ച

കനൽ ചിന്തകൾ

പുറത്ത് മഴ അതിശക്തമായി പെയ്യുകയാണ് .
മനസ്സിൽ ആളിക്കത്തുന്ന അഗ്നിയിലേക്ക് അവ തുള്ളികളായ് പെയ്തിറങ്ങിയെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു..

ഉള്ളിൽ പലതും എരിഞ്ഞടങ്ങേണ്ടിയിരിക്കുന്നു .
അഗ്നിശുദ്ധിയിൽ വീണ്ടെടുക്കാൻ സീതയോളം പരിശുദ്ധി എന്നിൽ അവശേഷിപ്പില്ല എങ്കിലും, എന്നിലേക്ക്‌ തന്നെ എനിക്ക് വീണ്ടും തിരിച്ചുവരണം.

പലപ്പോഴും തോന്നും ,
സ്വയം എരിയുവാൻ മാത്രം എന്താണ് ഇത്ര അധികം എന്നെ അലട്ടുന്നത്  ..?
ഒരുകണക്കിന് ഞാൻ ഭാഗ്യവാനല്ലേ  ..??
പക്ഷെ...!

നിർണ്ണയിക്കപെടാത്ത ജീവിത സമസ്യകൾക്ക് മുൻപിൽ ഒരേ സമയം ഞാൻ വേട്ടക്കാരനും, ഇരയും ആയി മാറുന്നു .



ചിന്തകൾ

ചിന്തകളോളം വലുതല്ല ജീവിതം .
എങ്കിലും ,
കുന്നുകൂടുന്നെന്റെ ചിന്തകൾ .

2013, ജൂൺ 7, വെള്ളിയാഴ്‌ച

ഒടുവിലെന്തോ പറയാൻ മറന്നുപോയ്‌ ..

ഒടുവിലൊരു ഉന്മാദ ലഹരിപോൽ-
മൃത്യുവേ പുണരുമ്പോൾ,
തോന്നരുതീജന്മ്മം പാഴായിരുന്നെന്ന്.

കടലിനോളം അകമുള്ള കണ്ണുനീർ,
അറിയാതെ കവിളുകൾ കഴുകി ഒഴുകവേ,
അറിയണം, പരാജയമല്ല ജന്മങ്ങൾ.


ഉള്ളിൽ കരഞ്ഞു ചിരിച്ച ജന്മങ്ങൾ,
പാതിയിൽ വിട്ടുപോന്ന സ്വപ്‌നങ്ങൾ ,
കണ്ടു തീരെ കൊതിമാറാ മുഖങ്ങളും
എന്നെങ്കിലും നാം, വിട്ടകന്നേവരൂ.

പറയാതെ പോയതിൽ പരിഭവം ചൊല്ലാതെ,
വരികചാരെ ഒരുനോക്കു കാണുവാൻ .
അരുകിലൊന്നുനീ വന്നുപോകും നേരം,
അറിയും ഞാൻ,  അകമേ അതോമനെ .

ചിതറിവീണ പനിനീർ പൂക്കളും,
പാതിയെരിഞ്ഞ ചന്ദന തിരികളും,
ഇറ്റുവീണ നിൻ കണ്ണുനീർ തുള്ളിയും
മാത്രമാവുന്നു, കൂടെ സഹയാത്രികർ.