2011, നവംബർ 21, തിങ്കളാഴ്‌ച

എന്റെ സൊമാലിയ.. എന്റെ സൊമാലിയ....

വാചാലതയുടെ വൃണപ്പെട്ട വാക്കുകള്‍ മരിച്ചുവീഴുന്നു .
അന്ധകാരത്തിന്റെ മറവില്‍ കുഴിമാടങ്ങള്‍ വിട്ട്  മരിച്ചവര്‍ പുറത്ത് അലഞ്ഞുതിരിയുന്നു .
എവിടെയും അപശകുനതിന്റെ നിലവിളിശബ്ധങ്ങള്‍ ...
കൈ കുഞ്ഞുങ്ങള്‍ വറ്റിവരണ്ട മുലകണ്ണുകളില്‍ ഒരുതുള്ളി വിശപ്പിന്റെ ജലം തിരയുന്നു..
മാതൃഹൃദയത്തിന്റെ തേങ്ങലുകള്‍ ഉള്ളിലെവിടെയോ നിന്ന്  പൊട്ടികരയുന്നു.
അവര്‍ക്ക് ഒഴുക്കാനിനി അവശേഷിപ്പില്ല മുലപ്പാലും കണ്ണുനീരും ..
വെയില്‍കൊണ്ടു വിയര്‍ത്തവന്റെ ശരീരത്തില്‍ നിന്ന്  അവര്‍ വിയര്‍പ്പു തുള്ളി നക്കിക്കുടിക്കുന്നു.. 
പാവങ്ങള്‍.. പട്ടിണി കോലങ്ങള്‍...

എന്റെ നിലവിളി ശബ്ദം നെഞ്ചില്‍ കെട്ടികിടക്കുന്നു...
എന്റെ സൊമാലിയ.. എന്റെ സൊമാലിയ....

നിന്റെ പട്ടിണി കോലങ്ങളെ ഞാനെങ്ങിനെ സഹായിക്കും..????
വെന്തചോറുണ്ട്  , പല്ലിട കുത്തി,
നിന്റെ കോലം നോക്കി ചിരിക്കാന്‍ എത്ര പേര്‍ ..??
വട്ടം മാനത്ത് പറക്കുന്ന കഴുകന്പോലും കാണും എന്നേക്കാള്‍ ദയ ..    

എന്റെ നിലവിളി ശബ്ദം നെഞ്ചില്‍ കെട്ടികിടക്കുന്നു...
എന്റെ സൊമാലിയ.. എന്റെ സൊമാലിയ....

2011, നവംബർ 17, വ്യാഴാഴ്‌ച

ദേഷ്യം

എനിക്ക് നിന്നോട് ഇത്തിരിപോലും ദേഷ്യമില്ല;
കാരണം , ഒത്തിരി സ്നേഹിക്കുന്നവര്‍ തെറ്റ് ചെയ്യുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരമാണ് ദേഷ്യം .

2011, നവംബർ 14, തിങ്കളാഴ്‌ച

മനസ്സിലെ പെയ്ത്ത്

കേവലം , മനുഷ്യന്‍റെ ആത്മ സംഘര്‍ഷങ്ങള്‍ക്ക് എത്രത്തോളം ആഴമുണ്ട്...?
വേലിയേറ്റം നടക്കുന്നിടം..
വേലിയിറക്കത്തിന്‍റെ താഴ്ചകള്‍..  ഉള്‍വലിച്ചിലുകള്‍..
ആകെ ഒരുതരം കലുഷിതപ്പെടല്‍.

നന്നായൊന്നു സന്തോഷിക്കാന്‍ കൊതിക്കുന്ന നാളുകള്‍,
വേദനിക്കുന്നിടം മനസ്സിനകത്ത് എന്ന തിരിച്ചറിവുകള്‍ തരുന്ന തികഞ്ഞ നൊമ്പരങ്ങള്‍..
ചുറ്റിനുമീ വേലിയേറ്റങ്ങള്‍ തരുന്നത് നിരാശ ഒന്നുമാത്രം .

നിഴല്‍പാടുകള്‍ തരുന്ന തണലുപോലെ,
അത് ചുറ്റിനും വട്ടം കറങ്ങുന്നു..
നിശ്ചലമായ തണല്‍ എവിടെ...?
കിതച്ചുനില്‍ക്കുമ്പോള്‍ ഞാന്‍ തണല്‍ കാണാറില്ല; കണ്ടുമുട്ടാറില്ല.

ആയിരം ചിരികള്‍ കാണും ചുറ്റിനും ;
ചിരി  മറയാക്കി നടക്കുന്നവര്‍..
നോവ്‌ മറച്ചു പിടിക്കുന്നവര്‍..

മനസ്സില്‍ എന്നും ഇടവപ്പാതിയാണ് ..
മഴ തോരാതെ ഞാന്‍ എങ്ങിനെ ....
മഴ പെയ്യട്ടെ..
ഈ മഴയ്ക്കൊപ്പം അടര്‍ന്നുവീഴുന്ന
മനസ്സിലെ പെയ്ത്ത് ആരും കാണാതിരിക്കട്ടെ .

2011, നവംബർ 13, ഞായറാഴ്‌ച

തലയിലെഴുത്ത്

അസ്തമിക്കാത്ത മോഹങ്ങള്‍ ബാക്കി..
താളപ്പിഴകളുടെ അസുര താണ്ഡവത്തിന് വിട..
കാലം എന്നില്‍ ബാക്കിവച്ച സ്വപ്‌നങ്ങള്‍,
ഞാന്‍ കാലതിനുതന്നെ തിരിച്ചുനല്‍കുന്നു .

ഇനിയില്ല മോഹങ്ങളുടെ പറുദീസ  തേടിയുള്ള യാത്രകള്‍.
ഈ തുരുത്തില്‍ തനിയെ നില്‍ക്കുമ്പോള്‍ നോവുന്നത് ,
സ്വപ്‌നങ്ങള്‍ മാത്രം കണ്ടവന്റെ ഹൃദയമാണ് ;
 സ്വപ്‌നങ്ങള്‍ മാത്രമായ ജീവിതവും .

2011, നവംബർ 4, വെള്ളിയാഴ്‌ച

എന്‍റെ സ്വകാര്യ ദു:ഖങ്ങള്‍

നീ നടന്ന ഇടവഴികള്‍ക്കരുകില്‍-
നിന്നിരുന്നു ഞാനിന്നലെ ഒരിത്തിരിനേരം;
അറിയുമെനിക്കെങ്കിലും വരില്ലനീയെന്ന്,
അറിയാം എനിക്ക് മരിച്ചതില്ലെന്‍ പ്രണയവും..
കേട്ടപോല്‍ തോന്നി നിന്‍ചിരികൊഞ്ചലെന്‍ കാതില്‍..
ഓര്‍ത്തു ഞാന്‍ നമ്മുടെ പ്രണയവും,
നിശബ്ധനായ് ഞാന്‍  തന്നൊരു യാത്രാമൊഴികളും..
അറിഞ്ഞുതന്നെ പിരിഞ്ഞതോര്‍ക്കുമ്പോള്‍
കഴിവതില്ല താങ്ങുവാന്‍ ഓമനേ..
നിശബ്ദം തനിയെ നടക്കുമെന്‍  വഴികളില്‍,
കണ്ടുമുട്ടാതിരിക്കട്ടെ  മേലിലും.

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

അടിമ

നോക്കു .. എന്റെ മുതുകില്‍ ഒരു കൂന് രൂപപ്പെട്ടിരിക്കുന്നു..
ആരൊക്കെയോ ചവുട്ടിയതിന്റെ പാടുകള്‍ അവിടെ തഴമ്പിച്ചിരിക്കുന്നു.
ഏതൊക്കെയോ കാല്‍പാതങ്ങള്‍ക്ക് കീഴില്‍ ഞാന്‍ അടിമ ആയിരിക്കുന്നു..
നിര്‍വികാരതയുടെ അടിമ..!!
ആരുടെയൊക്കെയോ കനത്ത ശബ്ദങ്ങള്‍ക്കുമുന്നില്‍ ഞാന്‍ അടിമയെപോലെ നിന്ന് കിതയ്ക്കുന്നു..
പണയം വയ്ക്കപെട്ട സ്വാതന്ത്ര്യത്തിന്റെ പിന്നില്‍ വിറങ്ങലിച്ച നിശബ്ദത എന്നെ വല്ലാതെ  ഭയപ്പെടുത്തുന്നു..
ഓടിയൊളിക്കാന്‍ ഇടമില്ല, നേരിടാനുള്ള നേരിന്റെ നെഞ്ചുറപ്പും നഷ്ട്ടമായി.. ഇനി..??
ശരീരത്തിലെ ചങ്ങലപാടുകളില്‍ പൊടിഞ്ഞുനില്‍ക്കുന്ന രക്തത്തിന്റെ അറപ്പിക്കുന്ന ദുര്‍ഗന്ധം,
അഴുകിയ മാംസത്തില്‍ പുഴുക്കളെ സൃഷ്ട്ടിച്ചിരിക്കുന്നു...
ഞാന്‍ എന്തിന് അടിമയായി..?
ആരെനിക്ക് സ്വാതന്ത്ര്യം നിഷേധിച്ചു..?
നിങ്ങളുടെ കുലമഹിമയ്ക്കുമുന്പില്‍ വൃണപ്പെട്ട എന്റെ  ആത്മാഭിമാനത്തെ   എങ്ങിനെ എനിക്കിനി തിരികെകിട്ടും..?
ഒന്നും അറിയാന്‍ അവകാശമില്ലാത്ത ഈ അടിമത്വം എന്നെ സ്വയം വെറുക്കപെട്ടവനാക്കുന്നു..
ഞാന്‍ പരാജയത്തിന്റെ അടിമയാണ്..
ആരുടെയൊക്കെയോ വിജയങ്ങള്‍ക്കുവേണ്ടി സ്വയം എരിഞ്ഞൊടുങ്ങുന്ന നിശബ്ദനായ അടിമ.

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

വലിയ വിശപ്പും ചെറിയ ദൈവങ്ങളും

കുന്നോളം സമ്പത്ത് പൂഴ്ത്തിവെക്കും ചിലര്‍,
കുന്നോളം വിശപ്പ്‌  പേറും  ചിലര്‍.
വലിയ സമ്പന്നന്‍മാര്‍ ഇവിടെ ദൈവങ്ങള്‍.
മക്കള്‍ അറിയും വിശപ്പിന്റെ ഞെരുങ്ങിയ നിലവിളി.
എന്തിനു നമ്മള്‍ ദൈവങ്ങളെ സമ്പന്നരാക്കുന്നു  ..?
കൂടപ്പിറപ്പിന്റെ നിലവിളി ശബ്ദം കാതില്‍ മുഴങ്ങുന്നത് ഇനിയും നാം  കേള്‍കാത്തത് എന്താണ്..?
പാവം ദൈവങ്ങള്‍ അവിടെ സോമാലിയയില്‍..
തുറക്കാന്‍ അവര്‍ക്കില്ല 'ബി' നിലവറകള്‍..
പക്ഷെ, കൊടുക്കാന്‍ നമുക്കിവിടെ എന്തൊക്കെയോ ഇനിയും ബാക്കിയില്ലേ..?
നസ്സഹായന്‍ ഞാന്‍, എങ്കിലും  കണ്ണുകളും കാതുകളും നിശ്ചലമാക്കി
ശിഷ്ട്o കാലം തള്ളിനീക്കാന്‍ വരുന്നില്ല മനസ്സ്.
വരുന്നോ ചെറു സഹായമാകുവാന്‍..?

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഞാന്‍

അക്ഷരങ്ങളുടെ കൂട്ടുകെട്ടില്‍ നിന്ന് ഞാന്‍ അകന്നിരുന്നിത്തിരിനാള്‍..
കാരണം അറിയില്ല..
പലപ്പോഴും വേദനകള്‍ ആയിരുന്നു എന്റെ വാക്കുകള്‍ക്ക് ഊര്‍ജമായിരുന്നത് .
പല നോവുകളെയും എഴുത്തിലൂടെ ഞാന്‍ മായിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞില്ല..
ഞാന്‍ വീണ്ടും തോറ്റിരിക്കുന്നു. വീണ്ടും വീണ്ടും...

പഴമയുടെ പവിത്രതയും നമ്മുടെ പുതുമയുടെ വലിയ നഷ്ട്ടവും...

ഈ ഇലകുമ്പിളില്‍ കോരിക്കുടിക്കാന്‍ എനിക്ക് ഒരിത്തിരി കഞ്ഞി തരുമോ..?

2011, ജൂലൈ 10, ഞായറാഴ്‌ച

ദിവാസ്വപ്നങ്ങള്‍

സൈബര്‍ ലോകത്തെ എഴുത്തുപുരയില്‍ ഇരുന്ന് ഞാന്‍ ഒരുപാട്   ഒരുപാട്  മണ്ടന്‍ സ്വപ്‌നങ്ങള്‍ കാണുന്നു; എല്ലാം ദിവാസ്വപ്നങ്ങള്‍.

2011, ജൂലൈ 6, ബുധനാഴ്‌ച

താളം

ഉര്‍വശിയുടെയും മേനകയുടെയും  ഒക്കെ  കാല്‍ ചിലങ്കയ്ക്  താളം കൊടുത്തത്   ആരുടെ സംഗീതം ആയിരുന്നു...?

2011, ജൂലൈ 4, തിങ്കളാഴ്‌ച

സൗഹൃദവും പ്രണയവും

ഞാന്‍ നിന്നെയും നീ എന്നെയും ചൂഷണം ചെയ്യാതെ എത്രകാലം സ്നേഹിക്കുന്നുവോ..
ആ കാലത്തെ നമ്മുടെ നല്ല സൗഹൃദം ആയി കരുതാം.
എന്നുമുതല്‍ ഞാന്‍ നിന്നെയും, നീ എന്നെയും ചൂഷണം ചെയ്യുന്നു എന്ന്
നമുക്ക് പരസ്പ്പരം തോന്നുന്നുവോ.. 
അത് നമ്മുടെ പ്രണയകാലം ആയിരിക്കും.
കാരണം,  നല്ല സൗഹൃദം ഒരിക്കലും ചൂഷണം ചെയ്യപ്പെടുകില്ല.

2011, ജൂലൈ 2, ശനിയാഴ്‌ച

കുറുമ്പ്

ഒരു ചെറു കുറുമ്പ് .. അത് കാണിക്കുവാന്‍ എനിക്ക് വേറെ ആര്..??
നീ എന്റെ നല്ല കൂട്ടുകാരി..
നിനക്കറിയാം, എനിക്ക് അറിയാത്ത എന്നെ എന്നേക്കാള്‍ നന്നായ്..
പിന്നെയുമെന്തിന് ചെറു കുറുമ്പ്‌ എന്നോടിനി...?
ഒന്ന് ചിരിച്ചേ നിന്റെ കുഞ്ഞി പല്ലുകള്‍ കാട്ടി....!!

2011, ജൂൺ 30, വ്യാഴാഴ്‌ച

കാര്യവും കാരണവും

ഏതൊരു കാര്യത്തിനും  ഒരു കാര്യവും കാരണവും ഉണ്ടാകുമെന്ന് നമ്മുടെ  കാരണവന്‍മാര്‍ പറയാറുണ്ട്‌.
അത് സത്യമാണെന്ന്  തെളിയിക്കുന്ന എന്തെങ്കിലും ഒരുകാര്യം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ...??
എന്തിനാണെന്ന് അത് കഴിഞ്ഞു ഞാനും പറഞ്ഞു തരാം. നല്ല കാരണങ്ങള്‍ക്ക് മുന്‍ഗണന ഉണ്ട്.. 

2011, ജൂൺ 26, ഞായറാഴ്‌ച

എന്റെ അതിഥികള്‍

ഇനി എന്റെ പുസ്തകങ്ങളൊക്കെ ഒന്ന് അടുക്കിവെക്കണം..
പഴകിയ പുസ്തക താളിന്റെ മണം എന്നെ,
പഴയ കാലത്തിന്റെ  ചട്ടകൂടിന്നുള്ളിലേക്ക് വലിച്ചിഴയ്ക്കുന്നു.
ഞാന്‍ തനിച്ചാവുന്നിടത് അത് കൂട്ടാവുന്നു.
ഓര്‍മ്മകള്‍ നിറം മങ്ങി അതില്‍ മയങ്ങുന്നുണ്ട്‌.
ബാല്യകാലം തേടി എന്റെ കണ്ണുകള്‍ പരതുന്ന ഈ അക്ഷരലോകത്തെ ഞാനിനി തനിച്ചാക്കില്ല.
ഒരിക്കല്‍ എന്റെ നിശ്വാസമായിരുന്നു വരകളും വാക്കുകളും.
ഇന്ന്....!!?
നിറം മങ്ങി കത്തുന്ന  ഈ വിളക്കിന് മുന്നില്‍ ചില തേങ്ങലുകള്‍ .... ചില നിശ്വാസങ്ങള്‍ ..
എനിക്കിനിയും നിറയെ സ്വപ്‌നങ്ങള്‍ കാണണം;
വിളക്കിലിറ്റിക്കാന്‍ ഒരിത്തിരി എണ്ണ കിട്ടിയിരിക്കുന്നു..
ഞാന്‍ അതൊന്ന് വിളക്കിലേക്ക് പകരട്ടെ..
അതിനി പ്രകാശം പരത്തട്ടെ. 

2011, ജൂൺ 24, വെള്ളിയാഴ്‌ച

യാത്ര

അഹന്ത നിറഞ്ഞ ദേഹം  വെടിഞ്ഞ് ഒരു യാത്രപോകാനുണ്ട്;
പ്രപഞ്ചവും പ്രധിസന്ധികളും മറികടന്ന് ..
സ്വപ്നങ്ങളെയും  പ്രതീക്ഷകളെയും ഇവിടെവിട്ട്..
കേട്ടുകേള്‍വി മാത്രമായ ഒരു ലോകത്തേക്ക്.
അവിടെ സഞ്ചാരപഥങ്ങളില്‍ പാഥേയം ഉണ്ടാവില്ല;
മനസ്സിനെ കലക്കിമറിക്കാന്‍ നിരാശയും കൂടെവരില്ല.

2011, ജൂൺ 19, ഞായറാഴ്‌ച

അടിമകള്‍

നമ്മളെല്ലാവരും പലതിന്റെയും അടിമകളാണ്;
ചിലര്‍ ഏതെങ്കിലുമൊക്കെ ലഹരിയുടെ അടിമകള്‍ ആകുമ്പോള്‍ , മറ്റുചിലര്‍ സ്നേഹത്തിന്റെയും ത്യാഹത്തിന്റെയും  അടിമകള്‍ ആവുന്നു.
വേറെ ചിലര്‍ വേദനകളുടെ അടിമയാവുമ്പോള്‍ , മറ്റു ചിലര്‍ കോപത്തിന്റെ അടിമകള്‍ ആവുന്നു.
 ചിലരാകട്ടെ സ്വൊ: അഹങ്കാരത്തിന്റെ കൂടാരത്തില്‍ അന്ധനായി   അടിമവേല ചെയ്യുന്നു;
ഞാന്‍ സ്നേഹത്തിന്റെയും ത്യാഹതിന്റെയും കാരുണ്യത്തിന്റെയും  അടിമയാകുവാന്‍ ആഗ്രഹിക്കുന്നു; അവിടെയാണ് എനിക്ക്  ശാന്തി..
എന്നെ ഓര്‍ത്ത് ഒരാളെങ്കിലും നൊന്തുകരയുംപോള്‍  ഞാന്‍ അറിയണം അത്  എന്തിനെന്ന്.
എന്റെ മനസ്സിലെ ഒരല്‍പം നന്മയുടെ അവകാശികള്‍ നിങ്ങള്‍ ..
 നിങ്ങളെന്നെ നന്മനിറഞ്ഞവനാക്കുന്നു...
നിങ്ങളുടെ പുഞ്ചിരി എന്റെ മനസ്സിലെ കോപത്തെ മഞ്ഞുപോലെ അലിയിച്ചുകളയുന്നു.
എന്റെ വേദനകള്‍ എനിക്കെന്റെ  മനസ്സില്‍ ഊര്‍ജം ആവുമ്പോള്‍ ഞാനെന്തിന്  സങ്കടപ്പെടണം..?

2011, ജൂൺ 15, ബുധനാഴ്‌ച

ഞാന്‍ ആര്..?

അച്ഛനും അമ്മയ്ക്കും മക്കള്‍ മൂന്ന് എന്ന്  ചൊല്ലാന്‍ അതില്‍ ഒരുമകന്‍.
ഞങ്ങള്‍ക്ക്  ഒരു  അനിയനുണ്ട്  എന്ന് ചേട്ടനും ചേച്ചിക്കും പറയാന്‍ ഒരാള്‍..
അല്ലാതെ ഈ ഞാന്‍ മറ്റെന്ത്....?

2011, ജൂൺ 11, ശനിയാഴ്‌ച

ആയുസ്സിന്റെ ആയുസ്സ്

മരണത്തെ പുല്‍കാന്‍  ഒരാള്‍  ഓരോ പ്രാവശ്യവുംകൊതിക്കുമ്പോള്‍ ദൈവം ആയുസ്സിന്റെ പുസ്തകത്തില്‍ അവന്  ദിനങ്ങള്‍ കൂടുതല്‍ കൊടുത്തിരുന്നെങ്കില്‍ , ഞാന്‍ നൂറ്റാണ്ടുകാലം ജീവിച്ചേനെ.

2011, ജൂൺ 7, ചൊവ്വാഴ്ച

നിലവിളി

ഒരാളുടെ നിലവിളി ശബ്ദം കേള്‍ക്കാന്‍,
മറ്റൊരാള്‍ കാതുകൊടുത്തെ മതിയാവു..
അവിടെയേ അനുകമ്പ ജനിക്കു..

2011, ജൂൺ 5, ഞായറാഴ്‌ച

അക്ഷരങ്ങള്‍..

എന്റെ വീട്ടുമുറ്റത്തെ കോണില്‍  പടര്‍ന്നു  പന്തലിച്ച  മാവും അതിനു കീഴെ പടിയുള്ള ചാരുകസേരയും ഇല്ലായിരുന്നു;
എന്നിലെ എഴുത്തുകാരനെ സൃഷ്ട്ടിക്കാന്‍.

സന്ധ്യമയക്കത്തില്‍ തനിയെ പോയി നില്‍ക്കാന്‍,  ഭാവനയുടെ ലോകം തീര്‍ക്കാന്‍..
 ഭാരതപ്പുഴയുടെ ശാന്തമായ തീരവും എനിക്ക്  ഇല്ലായിരുന്നു..


കതിരിട്ടു നില്‍ക്കുന്ന വിശാലമായ പാടവരംബുകളും,
അരവയര്‍ ഉണ്ട  ചെറുമിയുടെ കുടിയിലെ നാടന്‍ പാട്ടിന്റെ ഈരടികളും
എന്റെ  കണ്ണിനും കാതിനും അന്യവുമായിരുന്നു..
ഞാന്‍ എന്റെ നോവുകളെ  ചെറുപുഞ്ചിരിതേച്ചു മറച്ചപ്പോളും വാക്കുകള്‍ എനിക്ക് അകലെ ആയിരുന്നു.
ഓര്‍മ്മകള്‍ തുന്നിച്ചേര്‍ത്ത കുടക്കീഴില്‍ തനിയെ നനഞ്ഞുനിന്നപ്പോളും ഒരല്‍പ്പം സാന്ത്വനമായ് പോലും വന്നില്ല വരികളും വാക്കുകളും.
എങ്കിലും...
തുറന്നുവച്ച ഈ താളുകളില്‍ എന്തൊക്കെയോ  എഴുതാന്‍ കൊതിച്ചു ഞാന്‍ ഇരിക്കുന്നു;
വീണ്ടുമെന്‍ വസന്തകാലതെയും കാത്ത്.

എന്റെ കര്‍ത്താവേ എന്റെ ദൈവമേ..

പാപവും രോഗവും പേറുന്നൊരീ ..
ദേഹം അസ്വസ്ഥം കര്‍ത്താവേ..
കാക്കണേ എന്നെ നീ വീണിടാതെ..

2011, ജൂൺ 3, വെള്ളിയാഴ്‌ച

ഞാന്‍

ഞാന്‍ എന്നും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നു..
അത് മഴയായും മൌനമായും എന്നും എനിക്കൊപ്പം ഉണ്ടാവും,

നീ വരുമ്പോള്‍

ഇനി വരുമ്പോള്‍ എന്റെ കണ്ണുകളില്‍ നീ സൂക്ഷിച്ചു നോക്കുക..
കാണാം നിനക്കതില്‍ പിടയുമെന്‍ ആത്മാവിനെ..
പിന്നെ,
ഒരു തുടം കണ്ണുനീര്‍ വാര്‍ന്നുനനഞ്ഞ  കവിളുകള്‍ വറ്റിവരണ്ട നദികളായും..  

2011, ജൂൺ 2, വ്യാഴാഴ്‌ച

എന്റെ അസ്വസ്ഥത

ഊട്ടുവാനെന്നെ, നീ വിളമ്പിവച്ച ഇലചോറില്‍ നിന്ന് ഒരുവറ്റുപോലും  ഉണ്ടില്ല ഞാന്‍ സഖി..
നിറഞ്ഞ കണ്ണോടെ നീ എടുത്തുവച്ചൊര ഇലച്ചോര്‍ എനിക്കിന്നൊരു  ബാലിതര്‍പ്പണമാവുന്നു..
 ഞാന്‍ കാണാതെ, അന്ന് കണ്‍കോണില്‍ നീ ഒളിപ്പിച്ച കണ്ണുനീര്‍ ഇറ്റുവീണു ഇന്നെന്റെ നെഞ്ചകം പൊള്ളുന്നു..

2011, മേയ് 31, ചൊവ്വാഴ്ച

ഞാന്‍ നിന്നെ നഷ്ട്ടപ്പെടുത്തുകയായിരുന്നു ..

അസ്തമയം അടുത്തുകൊണ്ടിരിക്കുന്നു...

അകലെ മറയുന്ന സൂര്യന്റെ അവസാന വെളിച്ചവും അഗാതങ്ങളില്‍ വിലയം പ്രാപിക്കുന്നു.

ഈ ഇരുട്ടിനെ മറച്ചുപിടിക്കാന്‍ എനിക്ക് കഴിയുന്നില്ല..

ഇരുണ്ട ഭൂമിയില്‍ തനിച്ചൊരു നിമിഷംപോലും ഞാന്‍ നില്‍ക്കില്ല. കഴിയില്ല.. കഴിയില്ല...

നിശബ്ദത ഇവിടെ വേട്ടയ്ക്ക് ഒരുങ്ങുന്നു..

ഞാനൊരു ഇരയാവുന്നു.. ആയിരം വേട്ടക്കര്‍ക്കും വേട്ടനയ്ക്കള്‍ക്കും മുന്‍പേ മരണത്തെ തോല്‍പ്പിക്കാന്‍ ഞാന്‍ ഓടിതുടങ്ങുന്നു.

വിജയിക്കുന്നിടത് ഞാന്‍ കിതച്ചുനിള്‍ക്കും.. പക്ഷെ..

നീ വേട്ടയ്ക്ക് ഇരയായിടത്ത് ഞാന്‍ മാത്രമെന്തിന്...?

നിന്നെ സംരക്ഷിക്കാന്‍ കഴിയാത്തിടത്ത്  ഞാനെങ്ങിനെ വിജയാഹ്ലാദം മുഴക്കും..?

ഒന്നും വേണ്ടിയിരുന്നില്ല.. ഒന്നും..

നെഞ്ചില്‍ ഒരു ഉമിതീയുടെ നീറ്റല്‍ അനുഭവപ്പെടുന്നു..

നഷ്ട്ടപെടുകയാണ് എനിക്ക് നിന്നെ.. എന്നേക്കുമായി.. കൂടെ എനിക്ക് എന്നെയും...

2011, മേയ് 30, തിങ്കളാഴ്‌ച

പൂവുകള്‍ വിടരുമ്പോള്‍...

എനിക്കൊപ്പം വളര്‍ന്നുവന്ന ചെടികളെല്ലാം മനോഹരമായി പൂവിട്ട് നില്കുന്നത് ഞാന്‍ കണ്ടു..
പക്ഷെ...
എന്റെ ചില്ലകളില്‍ ഒന്നില്‍ പോലും ഒരു പൂവും വിരിഞ്ഞിരുന്നില്ല.
ഈ ചില്ലകള്‍ എനിക്കുതന്നെ ഒരു ഭാരമായി തോന്നി.
ആരെയും മോഹിപ്പിക്കുന്ന ആ പുഷ്പ്പങ്ങള്‍  എന്റെ ചില്ലകളിലും  വിടര്‍ന്നെങ്കില്‍  എന്ന് ഞാന്‍ ഒത്തിരി മോഹിച്ചു.
എനിക്ക് ചുറ്റും പാറിപറക്കുന്ന ചിത്രശലഭങ്ങളെയും തേന്‍നുകരുന്ന വണ്ടുകളെയും പൂവിറുക്കാന്‍ വരുന്ന കുസൃതി  കുരുന്നുകളെയും  ഒക്കെ ഞാന്‍  വെറുതെ സ്വപ്നം കാണുമായിരുന്നു...
അപ്പോള്‍ ആണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്,..
ആ മനോഹരമായ പുഷ്പ്പങ്ങള്‍ക്ക്  അരുകില്‍ തേന്‍നുകരാന്‍ മൂളിപ്പറക്കുന്ന വണ്ടുകളും പൂമ്പൊടി തേടുന്ന ചിത്രശലഭങ്ങളും ഉണ്ടായിരുന്നില്ല..
അവരോടു ഞാന്‍ ചോദിച്ചു:
"ചെങ്ങാതിമാരെ നിങ്ങളുടെ ഈ മനോഹാരിതയെ ആരുമെന്തേ കാണാതെ പോവുന്നു.?
തേനും പൂമ്പൊടിയും തേടി ആരും വരാത്തത് എന്താണ്..?"
അപ്പോള്‍ അവര്‍ പറഞ്ഞു:
"ഈ പുഷ്പ്പങ്ങള്‍ കാണാന്‍ സുന്ദരമാണ്..
പക്ഷെ.. നുകരാന്‍ ഒരിത്തിരി തേനോ പൂമ്പോടിയോ ഇതില്‍ ഇല്ല.
സുഗന്ധം തെല്ലും ഇതില്‍ നിന്നും പരക്കുന്നില്ല
പിന്നെ എങ്ങിനെ ഞങ്ങള്‍ക്ക് ചുറ്റും ആരവം ഉണ്ടാവും..?"
അപ്പോള്‍ ഞാന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു;
ഈശ്വരാ.. മനോഹരമായ നൂറ് പുഷ്പ്പങ്ങള്‍ കൊണ്ട്  എന്റെ ചില്ല അലങ്കരിക്കുന്നതിന്‌ പകരം,
എല്ലാവര്‍ക്കും സുഗന്ധം നല്‍കുന്ന, നിറയെ തേനും പൂമ്പൊടിയും ഉള്ള ഒരു പൂവ്  എനിക്ക് തരണമേ..
അതല്ലേ അതിന്റെ സുഖം..?

പറയാതെ വരുന്നവന്‍

പാളം മുറിച്ചുകടക്കുമ്പോള്‍ ഇരുവശങ്ങളിലേക്കും ഞാന്‍ ഒരിക്കല്‍ പോലും നോക്കിയട്ടില്ല; കാരണം അറിയാതെ വരുന്ന മരണത്തെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു.

2011, മേയ് 29, ഞായറാഴ്‌ച

സമാധി ഭൂമിയിലെ സഹയാത്രികര്‍

എന്റെ നിശബ്ദതയെ നിങ്ങള്‍ ചോദ്യം ചെയ്യരുത്..
എന്റെ കണ്ണുകളില്‍ നോക്കി ശൂന്യതയെകുറിച്ചു സംസാരിക്കരുത്...
എന്റെ കാല്‍വേഗത്തെ നോക്കി തളര്‍ച്ചയെ കുറിച്ച്  നിങ്ങള്‍ ആശങ്കപെടരുത്...
കാലം വരച്ചിട്ട എന്റെ ശരീരത്തിലെ ചുളിവുകളെ നോക്കി ,
നിന്റെ മനോഹരമായ  മൃദുമേനിയില്‍ സ്വയം അഹങ്കരിക്കരുത്..
കാരണം..
ഈ സമാധി ഭൂമിയിലെ സഹയാത്രികരാണ്  നമ്മള്‍.

2011, മേയ് 25, ബുധനാഴ്‌ച

മിഴികള്‍ + കണ്ണുനീര്‍

കുറച്ചുനാള്‍ മുന്‍പുവരെ, ജീവിതം എനിക്ക് സുഖം ഉള്ള ഒരു സംഗതി ആയിരുന്നു.
എന്നാല്‍.. ഇന്ന് അതല്ല..
ഓരോ ഉറക്കത്തിനപ്പുറവും ഞാന്‍ ഭയക്കുന്ന ഒരു പകല്‍ ഉണ്ട്.
എവിടെയും കരപറ്റാത്തവന്റെ കറുത്ത പകല്‍..
വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സ് തുറന്ന് ഞാന്‍ കരഞ്ഞ ഒരുപകല്‍ അടുത്തിടെ കഴിഞ്ഞുപോയി..
നെഞ്ച് തകര്‍ന്നവന്റെ ഇരിപ്പിടത്തിന് തീരെ ബലം പോര..
അതും തകരാന്‍ കാലയളവ്‌ അധികം വേണ്ടല്ലോ...?

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഭാരങ്ങള്‍

തനിച്ച് ചുമക്കാന്‍ ജീവിതഭാരങ്ങള്‍ ഏറെയാണ്.. തളര്‍ന്നു വീഴാതെ താങ്ങാന്‍ കരങ്ങള്‍ ഏറെ  അകലെയാണ്.

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

ഒന്ന് നില്‍ക്കണേ..

ജീവിക്കാന്‍ എനിക്കൊരല്‍പ്പം പ്രതീക്ഷ നീ തരുമോ..?
സ്നേഹിക്കാന്‍ എനിക്കൊരിത്തിരി മനസ്സും തരാമോ..?
നീ മോഹിച്ചകാലം കഴിഞ്ഞു ഞാന്‍ തനിയെ,
കടലോര മണലില്‍ തനിച്ചിരിക്കുന്നു.

2011, ഏപ്രിൽ 16, ശനിയാഴ്‌ച

പ്രണയം

"നമുക്ക് എവിടെ എങ്കിലും പോയി ജീവിക്കാം..?"
നഷ്ടപെടുമെന്ന അവസ്ഥയില്‍ പ്രതീക്ഷയോടെ  അവള്‍ അവന്റെ കാതില്‍ ചോദിച്ചു.
"നിന്നെ ഞാന്‍ വിളിക്കേണ്ടത് എന്റെ ജീവിതത്തിലേക്കല്ലേ.....? ഈ അവസ്ഥയില്‍ എനിക്ക് അതിന് കഴിയില്ല." അവന്‍ പറഞ്ഞു.
ശൂന്യതയില്‍ എന്തോ തിരഞ്ഞ് അവന്റെ കണ്ണുകള്‍ വെറുതെ ചലിക്കുന്നുണ്ടായിരുന്നു;
"എന്നാല്‍ .. നമുക്ക് മരിക്കാം..? നിന്നെ പിരിഞ്ഞ് ജീവിക്കാന്‍ എനിക്കുവയ്യ.. "
ഹൃദയം തകര്‍ന്ന ചോദ്യം. അവളുടെ കണ്ണുകളില്‍ നോക്കി അവന് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല.
"നീയും ഞാനും എന്തുനേടും..? നമ്മുടെ കുഴിമാടങ്ങള്‍ ഉറ്റവരുടെ കണ്ണുനീര്‍ വാര്‍ന്നു കുതിരുമെന്നല്ലാതെ.. ?"
അവന്റെ കൈകള്‍ അവള്‍  അവളുടെ കൈകളില്‍നിന്നു പതിയെ അടര്‍ത്തിമാറ്റി, മൌനമായ യാത്രാമൊഴിയോടെ  അവള്‍ പതിയെ അവനില്‍നിന്നു നടന്നകന്നു.
നെഞ്ചിലെ നീറ്റല്‍ വല്ലാതെ അലട്ടുന്നു.. നസ്സഹായന്റെ അവസ്ഥയില്‍ അവന്‍ അവിടെ തനിച്ചിരുന്നു. ഒരു പിന്‍വിളി അവള്‍ കൊതിച്ചിരിക്കാം, പക്ഷെ...

2011, മാർച്ച് 21, തിങ്കളാഴ്‌ച

വിപ്ലവം ജയിക്കട്ടെ

എനിക്കെന്റെ വിപ്ലവത്തെ നിങ്ങളുടെ ചങ്ങലയില്‍ തളയ്ക്കാന്‍ കഴിയില്ല. കാരണം, ഞാന്‍ നിങ്ങളുടെ അനീതികളുടെ അടിമയല്ല ... വിപ്ലവം ജയിക്കട്ടെ.

വിപ്ലവം ജനങ്ങള്‍ക്കൊപ്പം ആവട്ടെ, ജനപക്ഷം ജയിക്കട്ടെ.. ലാല്‍ സലാം.

അണികളെ മറന്ന് പാര്‍ട്ടി നേതൃത്വം എത്രകാലം മുന്നോട്ടുപോകും..? വിപ്ലവം എന്ന ആശയം തന്നെ അടിമത്വം അനുഭവിക്കുന്നവന് മോചനം മുന്നില്‍ കണ്ടാണ്‌. അത് പലപ്പോഴും മറന്നുപോകുന്നതായി എന്നെപ്പോലെയുള്ള പൌരന്മാര്‍ ചിന്തിച്ചാല്‍ അത് പാര്‍ട്ടിയുടെ കാഴ്ച്ചപാടില്‍ തരംതാഴ്ത്തലിനുള്ള വലിയൊരു കാരണം ആവുമോ..? ആയാലും സാരമില്ല. ആശയങ്ങള്‍ അടിയറവു വെക്കാനുള്ള ആയുധം അല്ലാ എന്ന് ഞാന്‍ എന്നേതിരിച്ചറിഞ്ഞിരിക്കുന്നു.. മനുഷ്യത്വം നശിക്കാത്ത നല്ല നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു. ലാല്‍ സലാം.

2011, മാർച്ച് 8, ചൊവ്വാഴ്ച

അദ്ധ്യായങ്ങള്‍

അടഞ്ഞ അദ്ധ്യായങ്ങള്‍ ഒരിക്കല്‍ കൂടി ഒന്ന് തുറന്നു നോക്കിയാലോ എന്ന് പലവട്ടം ആലോചിച്ചു നോക്കി; പക്ഷെ..
കഴിയുന്നില്ല .പക്ഷെ..  ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്ത പലതിന്റെയും ആ ശ്മസാന ഭൂമിയില്‍ ചില നല്ല ചെടികളും ഉണ്ടായിരുന്നു;
നിശബ്ധത ഇവിടെ ചോദ്യം ചെയ്യപെടുകയാണ്..
അതിനാല്‍ ഏകാന്തതയെ  ഞാനിന്നു വല്ലാതെ ഭയക്കുന്നു.
ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് നടുവില്‍ ഞാന്‍ ഭയന്ന് നില്‍ക്കുന്നത് ആരും അറിയുന്നില്ല.
വീര്‍പ്പുമുട്ടലുകള്‍.. സങ്കടങ്ങള്‍.. നഷ്ടപെടലുകള്‍.. താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്ത് അങ്ങിനെ എന്തൊക്കെ.. ഇനിയും...

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ബാല്യം

വിരിയാതിരിക്കില്ല കണിക്കൊന്നയും പിച്ചിയും,
വരാതിരിക്കില്ല വസന്തങ്ങളിനിയും;
എന്നാല്‍, ഇനി വരുകില്ലൊരിക്കലുമെന്‍  ബാല്യകാലം .

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ഞാനും ആശങ്കകളും

ഞാനും ആശങ്കകളും

എവിടെയും ആശങ്കയാണ്; ജീവിതം ഒരു വലിയ ചോദ്യചിഹ്നം പോലെ.. അറിയില്ല ഞാന്‍ എന്തുനേടി എന്ന്... ഉത്തരമില്ലാത്ത ഈ കടംകഥ എത്രനാള്‍ ഞാന്‍ പേറി നടക്കും..?
ഒത്തിരി സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു; വലുതും ചെറുതും ആയവ.. പക്ഷെ.. താളം തെറ്റുന്ന മനസ്സിന്റെ ചിന്തകള്‍ എന്നെ വല്ലാതെ നോവിക്കുന്നു. ഒരു നീണ്ട യാത്ര ഞാന്‍ ആശിക്കുന്നു..എല്ലാം മറക്കുവാന്‍ ആയി ഒരു യാത്ര. തനിച്ച്, ഏകാന്തതയുടെ നനുത്ത തീരത്തുകൂടി മനസ്സ് തുറന്നു തനിച്ചങ്ങിനെ.. ഒത്തിരി എഴുതണം.. അനുഭവങ്ങള്‍ ഇവിടെ ഇങ്ങിനെ കുന്നുകൂടി കിടക്കുന്നു.. തുടങ്ങാന്‍ ഒരു വാക്കിന്റെ അഭാവം; എവിടെ തുടങ്ങണം..? തുടങ്ങുന്നതിനോന്നും നല്ലൊരു അവസാനം ഉണ്ടായിരുന്നില്ലല്ലോ... ഏല്ലാം താളപ്പിഴകളുടെ അപശ്രുതി ആയി പരിണമിച്ചിരിക്കുന്നു. എല്ലാം എല്ലാം...

2011, ജനുവരി 25, ചൊവ്വാഴ്ച

തോട്ടരുകിലെ പഞ്ഞിമരം

ജീവിതം തോട്ടരുകിലെ പഞ്ഞിമരം പോലെ ആണ് ; തോട്ടിലേക്ക് പൊഴിഞ്ഞു വീണാല്‍ അതിലെ മുഴുവന്‍ വെള്ളവും കുടിച്ചു വറ്റിക്കാം എന്ന വ്യര്‍ഥമായ മോഹം. അറിയുന്നില്ല ആരും  അവനവന്‍റെ പരിമിതികള്‍ ഒരിക്കലും. മുഴുവനും സ്വന്തമാക്കുവാനുള്ള ത്വരയില്‍ പലരെയും കാണാതെ പോകുന്നു; കേള്‍ക്കാതെയും. ഞാന്‍ എന്ന് എന്‍റെ പരിമിതികള്‍ തിരിച്ചറിയുന്നുവോ അന്ന് ഞാന്‍ മറ്റുള്ളവരെ തിരിച്ചറിയാന്‍ പ്രാപ്തനാകും; അംഗീകരിക്കാന്‍ പഠിക്കും. എന്തിനാണ് ഞാന്‍ എനിക്കുവേണ്ടി മാത്രം ജീവിച്ച് തീര്‍ക്കുന്നത്...?

2011, ജനുവരി 17, തിങ്കളാഴ്‌ച

കൃഷ്ണയുടെ കളഞ്ഞുപോയ പാവക്കുട്ടി

കൃഷ്ണയ്ക്ക് ഒത്തിരി പാവക്കുട്ടികള്‍ ഉണ്ടായിരുന്നു; സുന്ദരികളായ പാവക്കുട്ടികള്‍; അവളും ഒരു കൊച്ചു സുന്ദരി ആയിരുന്നു; കളഞ്ഞുപോയ അവളുടെ പാവക്കുട്ടിയും ഒരു സുന്ദരി ആയിരുന്നു; അവളുടെ ഒന്നാമത്തെ പിറന്നാളിന് അച്ഛന്‍ വാങ്ങികൊടുത്ത ആ പാവകുട്ടി ഇപ്പോള്‍ എവിടെ ആയിരിക്കും....?

2011, ജനുവരി 14, വെള്ളിയാഴ്‌ച

സ്നേഹം

മതം നമുക്കിടയില്‍ ഒരു മതില്‍ ആയപ്പോള്‍ നിന്‍റെ കൈ പിടിക്കാന്‍ കൊതിച്ച ഞാന്‍ മതിലിനപ്പുറമായി. ഉപേക്ഷിച്ചുപോകാന്‍ മടിയാണ് നിന്നെ; എങ്കിലുമിനി നില്‍പ്പത് എന്തിനു വെറുതെ..?

ജീവിതം നഗ്നന സത്യങ്ങളുടെ ബലിക്കല്ല് ആണ്

2011, ജനുവരി 13, വ്യാഴാഴ്‌ച

2011, ജനുവരി 10, തിങ്കളാഴ്‌ച

മരിച്ചവര്‍ക്കിടയിലെ മഹത്ത്വം


മരിച്ചവര്‍ക്കിടയിലെ മഹത്ത്വം അന്വേഷിക്കാന്‍ ഒരിക്കല്‍ ഞാന്‍ പോകും.
അവിടെ വേദനിക്കുന്ന ആരെയും കണ്ടുമുട്ടരുതെന്ന് ഞാന്‍ ആശിക്കുന്നു;
അല്ലെങ്കിലും എന്തിനാണ് മരണത്തിനപ്പുറവും അവര്‍ വേദനിക്കുന്നത്..?
ആത്മാക്കള്‍ സന്തോഷിക്കുന്നിടത്ത് വിലാപം കേള്‍ക്കില്ലയിരിക്കും..